ദുബായ്: അമേരിക്കയുടെ ആക്രമണം നേരിടാൻ ഇറാൻ തയാറാണെന്ന് വിപ്ലവഗാർഡ് കമാൻഡർ ജനറൽ മുഹമ്മദ് പാക്പൗർ. അമേരിക്കയും ഇസ്രയേലും അബദ്ധത്തിനു മുതിരരുതെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി ഇറാനും ഇറേനിയൻ സേനയും എന്നത്തേക്കാളും സജ്ജമാണ്. സൈന്യാധിപന്റെ ഉത്തരവ് കാത്ത് വിരൽ കാഞ്ചിയിലുണ്ട്- അദ്ദേഹം പറഞ്ഞു.
ഇറാനിലെ ജനകീയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയുമായി സംഘർഷസാധ്യത വർധിച്ചിരിക്കുന്നതിനിടെയാണ് വിപ്ലവഗാർഡ് കമാൻഡറിന്റെ പ്രസ്താവന.
ഇറാനെ ലക്ഷ്യമിട്ട് വൻ കപ്പൽപ്പടയെ അയച്ചതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് വ്യാഴാഴ്ച അറിയിച്ചിരുന്നു. യുഎസ്എസ് ഏബ്രഹാം ലിങ്കൺ എന്ന വിമാനനവാഹിനി അടക്കമുള്ള കപ്പലുകളാണ് പശ്ചിമേഷ്യയിലേക്കു നീങ്ങുന്നതെന്നു സൈനികവൃത്തങ്ങൾ പിന്നീട് വ്യക്തമാക്കി.
ഇതിനിടെ പാശ്ചാത്യ ഏയർലൈൻസുകൾ പശ്ചിമേഷ്യയിലേക്കുള്ള സർവീസുകൾ പരിമിതപ്പെടുത്താൻ തുടങ്ങി. എയർഫ്രാൻസ്, ലുഫ്താൻസ, ബ്രിട്ടീഷ് എയർവേസ്, എയർ കാനഡ മുതലായ എയർലൈൻസുകൾ ചില സർവീസുകൾ റദ്ദാക്കി.
ഡിസംബർ അവസാനം ഇറാനിലുടനീളം പടർന്ന ജനകീയ പ്രക്ഷോഭത്തെ വിപ്ലവഗാർഡുകൾ അടിച്ചമർത്തിയെന്നാണു റിപ്പോർട്ട്. ദിവസങ്ങളായി രാജ്യത്ത് പ്രകടനങ്ങൾ നടക്കുന്നില്ല. പക്ഷേ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ദിനം പ്രതി വർധിക്കുന്നുണ്ട്.
പല കേസുകളിലും സ്ഥിരീകരിക്കാൻ സമയമെടുക്കുന്നതുകൊണ്ടാണിത്. ഇറാനിലെ മനുഷ്യാവകാശ കാര്യങ്ങൾ നിരീക്ഷിക്കുന്ന പാശ്ചാത്യ സംഘടനകൾ ഏറ്റവും ഒടുവിൽ പുറത്തുവിട്ട കണക്കു പ്രകാരം മരണസംഖ്യ 5,137 ആയി. 27,700 പർ അറസ്റ്റിലായി.